തോന്ന്യാസത്താളുകള്‍

എന്റെ തോന്ന്യാസങ്ങള്‍...

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

ചൂടുള്ള രാത്രികള്‍

ബ്രിട്ടനിലെ Holiday Inn Hotel group കഴിഞ്ഞ തണുപ്പുകാലത്ത് ഒരു ഓഫര്‍ ഇറക്കുകയുണ്ടായി. തണുപ്പ് മൂലം ഉറങ്ങാന്‍ കഷ്ടപ്പെടുന്ന അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഈ സേവനം. ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ 5 മിനുട്ടോളം ബെഡില്‍ കിടന്ന് ചൂട് പകര്‍ന്നതിന് ശേഷം അതിഥിയ്ക്ക് സുഖമായി ഉറങ്ങാം.

കവബത്തയുടെ(Nemureru Bijo) House of the sleeping beauties എന്ന നോവല്‍ വിലാസിനി ‘സഹശയനം’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതാണ് മനസ്സില്‍ ആദ്യം കയറിവന്നത്. ഒരു ജര്‍മ്മന്‍ സിനിമയുമുണ്ടെന്ന് തോന്നുന്നു ഇതിനെ ആസ്പദമാക്കി. വായിക്കേണ്ട പുസ്തകം.

മനുഷ്യരെ ഒഴിവാക്കി കഴിവതും സേവനങ്ങള്‍ യന്ത്രങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇങ്ങിനെയൊരു വിദ്യ. Electric blanket, hot water bottles, Warm bed എന്നീ വിദ്യകളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഇങ്ങിനെയൊരു തന്ത്രവുമായി ഈ ഹോട്ടല്‍ ഗ്രൂപ്പ് ഇറങ്ങിയത്. അതിനുശേഷം അവിടെ ആളുകള്‍ ഇടിച്ചുകയറിയോ എന്നറിയില്ല.

ഇതൊരു പഴയ വാര്‍ത്തയായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.ഇപ്പോള്‍ തണുപ്പ് മാറി നല്ല ചൂട് തുടങ്ങിയിരിയ്ക്കുന്നു.

ഒരു പക്ഷെ, വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നിരിയ്ക്കണം.
(വാര്‍ത്ത ഇവിടെ)

2010, മാർച്ച് 25, വ്യാഴാഴ്‌ച

റോഡില്‍ത്തുപ്പിയാല്‍..

നമ്മുടെ നാട്ടിലല്ല, സ്ഥലം ഇംഗ്ലണ്ടിലാണ്, Wembley എന്ന സ്ഥലത്ത് പാന്‍ കഴിച്ച് റോഡില്‍ത്തുപ്പുന്നത് ശിക്ഷാര്‍ഹം. ഏകദേശം 20000 പൌണ്ട് ചിലവ് വരുന്നത്രെ വര്‍ഷം തോറും അത് മുഴുവന്‍ കഴുകി വൃത്തിയാക്കാന്‍. എന്തായാലും ഇതിനുത്തരവാദികള്‍ ആരെന്ന് സംശയമൊന്നും വേണ്ട.

ചുവന്ന തുപ്പല്‍ കണ്ട് അത് രക്തമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ വളരെയധികം ക്രിമിനല്‍ ആക്റ്റിവിറ്റി നടക്കുന്നുവെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുവഴി ടൂറിസത്തിനെ ബാധിയ്ക്കുമെന്നുമെല്ലാം കൂട്ടിവായന.

ചുയിങ്ങ്ഗം റോഡില്‍ തുപ്പുന്നതും ശിക്ഷാര്‍ഹമാണ്.

വാല്‍: ഈ കൌണ്‍സിലേഴ്സിനെയെല്ലാം നമ്മുടെ നാട്ടില്‍കൊണ്ടുവന്ന് ഒരു ട്രെയിനിങ്ങ് കൊടുക്കണം. പാന്‍ കഴിച്ച് നല്ല ചുമരൊക്കെ തുപ്പി വെടക്കാക്കിയില്ലെങ്കില്‍ പിന്നെന്തു രസം? ഏത്?

വാര്‍ത്ത ഇവിടെ

2010, മാർച്ച് 20, ശനിയാഴ്‌ച

ഇന്ത്യക്കാരനെ മതി

Wanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു.

'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.'

ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അന്വേഷണാം നടത്തുന്നു.

ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് മുന്‍‌ഗണനയെന്ന് ഒരു ബ്രിട്ടീഷ് ഐ.ടി കമ്പനി പരസ്യം ചെയ്തിരിയ്ക്കുന്നു. ഒരു ഭാരതീയന് അഭിമാനിയ്ക്കാന്‍ ഇതില്പരം എന്തു വേണം? ആഗോളതലത്തില്‍ തന്നെ അറിയപ്പെട്ടു കഴിഞ്ഞ ഭാരതീയന്റെ ഐ.ടി കഴിവുകള്‍ക്ക് ഒരു പൊന്‍‌തൂവല്‍ കൂടിയെന്നേ ആദ്യം കരുതിയുള്ളൂ.

പിന്നെയാണ് പരസ്യത്തിലെ യു.കെ ഗവര്‍മ്മെന്റിന്റെ സെക്യൂരിറ്റി ചെക്കുകള്‍ കൈവശമുള്ള ആളായിരിയ്ക്കണം എന്ന ഭാഗം ശ്രദ്ധിച്ചത്. അതെ, അതുതന്നെ. റാണമാരെയും ഹെഡ്ലിമാരെയും ഇനി കൂടുതല്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് തന്നെയാണ് ആ ഭാഗം ഉദ്ദേശിയ്ക്കുന്നത്. ഇത്രയും നാള്‍ പത്രങ്ങളില്‍ ഇന്ത്യനെന്നോ പാക്കിസ്ഥാനിയെന്നോ ഒരു വേറ്തിരിവ് കണ്ടിരുന്നില്ല, പകരം South Asian എന്ന ഒരു പൊതുനാമത്തില്‍, Indian, Pakistani,Srilankan,Bangladesi കളെ എല്ലാവരെയും ഉള്‍ക്കൊള്ളിയ്ക്കുകയായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനികള്‍ നടത്തിയ കല്യാണത്തട്ടിപ്പുകള്‍ക്ക് ശേഷം വളരെ വ്യക്തമായിത്തന്നെ പാക്കിസ്ഥാനികള്‍ എന്ന് പത്രങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിയ്ക്കുന്നു.

പരസ്യം ചെയ്ത കമ്പനി ഇത് അപ്പാടെ നിഷേധിച്ചിട്ടുണ്ട്. ഇങ്ങിനെയാണ് പരസ്യം വന്നത് എന്ന് അറിഞ്ഞ്ഞിട്ടില്ലെന്നും ഈ പരസ്യം ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ സൃഷ്ടിയ്ക്കുമെന്നും അവര്‍ മനസ്സിലാക്കുന്നു. ആ പരസ്യം പിന്‍‌വലിയ്ക്കപ്പെട്ടൂ കഴിഞ്ഞു.

ഈ കമ്പനിയ്ക്ക് ഇഗ്ലണ്ടിലും ബംഗലുരുവിലും ഓഫീസുകളുണ്ട്. രാജ്യങ്ങള്‍ക്കിടയിലെ യാത്രാ,സുരക്ഷാ ക്രമീകരണങ്ങളും, വിസ,പാസ്പോര്‍ട്ട് കാലതാമസങ്ങള്‍ കുറയ്ക്കാന്‍ മാത്രമായ്യിരിയ്ക്കാം ഈ വാക്കുകള്‍ കൊണ്ട് അവര്‍ ഉദ്ദേശിച്ചത്.
പലതവണ സ്വദേശീയരായ സുഹൃത്തുക്കള്‍ക്കൊപ്പം യുറോപ്യന്‍ യൂണിയനില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കെല്ലാം ഈസി ക്ലിയറന്‍സും കഴിഞ്ഞ് എനിയ്ക്ക് വേണ്ടി 20-40 മിനിട്ട് കാത്ത് നില്‍ക്കേണ്ടി വരുന്നത് പലപ്പോഴും മനോവിഷമമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം തടസ്സങ്ങള്‍ മാറ്റിക്കിട്ടാനായിരിയ്ക്കണം, അല്ലെങ്കില്‍ പാക്കിസ്ഥാനി പിതാമഹന്മാരുള്ള യു.കെ പൌരന്മാര്‍ക്ക് ഇന്ത്യ വിസ നല്‍കാനുള്ള സാധ്യത തുലോം കുറവായതുകൊണ്ടായിരിയ്ക്കാം.

എന്തായാലും നല്ല പുകില്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടട്ടെ.
my name is Khan, and I am not a terrorist.

2009, നവംബർ 12, വ്യാഴാഴ്‌ച

പ്രിയ മനോരമ സ്വ.ലേ

പത്രം വായിച്ച് ഓരൊരുത്തരുടെ നെഞ്ചത്ത് കേറുക എന്നത് ത്രിശ്ശൂക്കാരന്റെ ഒരു ഹോബിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിയ്ക്കരുത്.

വായിയ്ക്കുമ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതിവിടുകയാണ് എന്ന് മാത്രം. ഇത് പറയാതെ പോകാന്‍ പറ്റില്ല, അത്രയ്ക്കും വലിയ അബദ്ധപഞ്ചാംഗമാണ് മനോരമയുടെ സ്വ.ലേ ഇന്നത്തെ പത്രത്തിന്റെ (ഓണ്‍ലൈന്‍ എഡിഷന്‍) മുന്നില്‍കൊണ്ട് നിരത്തിയിരിയ്ക്കുന്നത്.

ഇതാ ഇവിടെ

പറഞ്ഞിയിയ്ക്കുന്നത് ജ്യോതിഷത്തില്‍ ആര്‍ത്തവവും ലൈംഗികതയും തമ്മിലുള്ള ബന്ധമാണ്.


പതിനാറ് ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ലൈംഗികബന്ധത്തില്‍ നിന്ന് മാത്രമേ കുട്ടികള്‍ ഉണ്ടാകൂ എന്ന് ആധുനികശാസ്ത്രവും സമ്മതിയ്ക്കുന്നു എന്നാണ് കണ്ടുപിടുത്തം.

ചില സത്യങ്ങള്‍:

1.1995 ല്‍ 221 സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഓവുലേഷന് മുന്‍പും ഓവിലേഷനുമടക്കമുള്ള 6 ദിവസങ്ങളിലാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യതയെന്ന് കണ്ടെത്തി. ഓവുലേഷന്‍ നടക്കുന്ന ദിവസവും അതിനുമുന്‍പുള്ള ദിവസവും 33% സാധ്യതയും 5 ദിവസം മുന്‍പ് 10% സാധ്യതയുമാണ് ഉള്ളത്. ഓവുലേഷന്‍ കഴിഞ്ഞ ശേഷം ഗര്‍ഭധാരണത്തിന് സാധ്യത കുറവാണെന്ന് കൂടി ഈ പഠനം വെളിപ്പെടുത്തുന്നു. The new England Medical Journal ന്റെ December 07 1995 ലക്കത്തിലാണ് ഈ പഠനമുള്ളത്.

2.Ovulation കണ്ടുപിടിയ്ക്കുക എന്ന ശ്രമകരമായ ജോലിയാണ്. 1938 ല്‍ നടത്തിയ ചില പഠനങ്ങള്‍ (കുരങ്ങ്ന്മാരില്‍) menstruation തുടങ്ങി 9-20 ദിവസങ്ങള്‍ക്കുള്ളില്‍ ovulation സംഭവിയ്ക്കാമെന്നത് കണ്ടെത്തി.

ആര്‍ത്തവചക്രങ്ങള്‍ ഒരു മരീചിക പോലെയുള്ളവരുടെ കാര്യങ്ങള്‍ ലേഖകന്‍ മറന്നുപോയെന്ന് തോന്നുന്നു. Menstruation കഴിഞ്ഞുള്ള 16 ദിവസങ്ങള്‍ ഗര്‍ഭധാരണത്തിന് ഉത്തമമെന്നത് 14 ആം ദിവസം ovulation നടക്കുന്നു എന്ന തിയറിയുടെ അടിസ്ഥാനത്തിലാണ്.

പതിനാറ് ദിവസമെന്ന് ഒരു ആധുനികശാസ്ത്രവും പറയുന്നില്ല. ഓവുലേഷനു മുന്‍പുള്ള 6 ദിവസങ്ങള്‍ എന്ന് മാത്രമേ പഠനങ്ങള്‍ തെളിയിക്കുന്നുള്ളൂ.

മറ്റൊന്ന് കൂടി:- 2000 ല്‍ British Medical Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ Allen J Wilcox പറയുന്നത് സ്ത്രീകളില്‍ 'fertile window' അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങള്‍ 6ആം ദിവസം മുതല്‍ 21ആം ദിവസം വരെ നീണ്ടുനില്‍ക്കാമെന്നാണ്.

സാധാരണ ഡോക്ടര്‍മാറ് പറയുന്ന menstruation ശേഷമുള്ള 10-17 ദിവസങ്ങളെ കാറ്റില്‍ പറത്തുകയാണ് ഈ പഠനം.പങ്കെടുത്തവരില്‍ 30% മാത്രമാണ് ഈ ദിവസങ്ങളില്‍ Ovulation ഉണ്ടായത്. അതു മാത്രമല്ല, ആര്‍ത്തവം കഴിഞ്ഞതിന് ശേഷമുള്ള 5 ദിവസങ്ങള്‍ safe period ആണെന്ന സങ്കല്‍പ്പവും കാറ്റില്‍ പറക്കുകയാണ്.

അപ്പൊ ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ജ്യോതിഷികള്‍ ഇതൊക്കെ നേരത്തെ കണ്ടുപിടിച്ചെന്ന്. ഭാരതീയര്‍ക്ക് അഭിമാനിയ്ക്കാന്‍ ഒന്നുകൂടി. ഇനി ആ ദിവസങ്ങളില്‍ ഉണ്ടാകുന്ന കുട്ടികളുടെ സ്വഭാവ വിശേഷങ്ങള്‍ കൂടി ഒന്ന് prove ചെയ്ത് കിട്ടിയാല്‍ മതി.

വലിയ ഭൂരിപക്ഷം പത്രം വായനക്കാരും പത്രത്തില്‍ അച്ചടിച്ച് വരുന്നത് ശരിയാണെന്ന ധാരണക്കാരാണ്, പലപ്പോഴും ആരോഗ്യവും ലൈംഗികതയും വിഷയങ്ങളാവുമ്പോള്‍. യുവജനങ്ങളെ ലൈംഗിക, ആരോഗ്യ പംക്തികളിലൂടെ അവബോധരാക്കാനുള്ള ശ്രമം ഞാന്‍ തീരെ അവഗണിയ്ക്കുന്നില്ല. എങ്കിലും ജ്യോതിഷവും ശാസ്ത്രവും കൂട്ടിക്കുഴയ്ക്കുമ്പോള്‍ അവയില്‍ തെറ്റുകൂടാതെ നോക്കാന്‍ ശ്രമിയ്ക്കേണ്ടതാണ്.

ഉത്തരവാദിത്തമുള്ള ഒരു ഡോക്ടറും ഗര്‍ഭധാരണത്തിന് ഇത്തരം ഉപദേശങ്ങള്‍ കൊടുക്കില്ല. പകരം ശരിയായ ഓവുലേഷന്‍ എന്നാണ് എന്ന് കണ്ടുപിടിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പറയുകയേ ഉള്ളൂ. അള്‍ട്രസൌണ്ട് സ്കാനിങ്ങ് അതില്‍ ഒന്ന് മാത്രം.

പക്ഷേ, ഇതു മൂലം പെട്ട് പോവുക
safety period (for non reproductive sex) എന്ന സങ്കല്‍പ്പക്കാരാണ്. മനോരമയുടെ സ്വ്.ലേ യുടെ ശാസ്ത്രത്തിന്റെ അഭിപ്രായത്തില്‍ 16 ദിവസം കഴിഞ്ഞാല്‍ safe period ആണ്. പക്ഷെ പൊതു വിശ്വാസം ആദ്യത്തെ 9 ദിവസങ്ങളും 21 ദിവസങ്ങള്‍ കഴിഞ്ഞുള്ള ദിവസങ്ങളും safe period ആണെന്നാണ്. ഇത് രണ്ടും ചില സ്ത്രീകളില്‍ ശരിയായിരിയ്ക്കാം. എന്നാല്‍ വലിയ ഒരു ഭൂരിഭാഗത്തിനും ovulation swinging ആയതുകൊണ്ട് ഇത് unpredictable ആണ്.
സത്യകൃസ്ത്യാനികള്‍ക്ക് ഇത് ബാധമല്ലാത്തത് കൊണ്ട് ഇത് മനസ്സിലായില്ലെങ്കിലും വിഷമിയ്ക്കേണ്ട കാര്യമില്ല.

പിന്നെ സ്വ.ലേ പറഞ്ഞത് ആര്‍ത്തവസമയത്തുള്ള ലൈംഗികബന്ധം പാടില്ല എന്ന ആധുനികശാസ്ത്രം പറയുന്നു എന്നതാണ്. പല പ്രദേശങ്ങളിലും സംസ്കൃതികളിലും ആര്‍ത്തവരക്തത്തെ വളരെ മോശമായ ഒന്നായാണ് കാണുന്നത്. ആ വിശ്വാസങ്ങളില്‍ നിന്നായിരിയ്ക്കണം ആധുനികശാസ്ത്രത്തെ കൂട്ട് പിടിച്ചത്.

എന്നാല്‍ ആര്‍ത്തവരക്തം സാധാരണ രക്തത്തില്‍ കവിഞ്ഞ് മറ്റൊന്നല്ലെന്ന് മനസ്സിലാക്കിയാല്‍ ആ പ്രശ്നവും തീര്‍ന്നു. പക്ഷെ, അതെല്ലാം വ്യക്തികളെ ആസ്പദമാക്കി മാത്രമെ നിര്‍വചിയ്ക്കാന്‍ കഴിയൂ. ആധിനിക ശാസ്ത്രം ഈ വിഷയത്തില്‍ ഒരു hygiene alert മാത്രമേ നല്‍കിയിരിയ്ക്കാന്‍ സാധ്യതയുള്ളൂ. അതായത് താല്‍പ്പര്യക്കാര്‍ക്കാവാം, വേണ്ട മുന്‍‌കരുതല്‍ എടുക്കണമെന്ന് മാത്രം എന്ന്.

ഇനി മനോരമയില്‍ തന്നെ ഒന്ന് സെര്‍ച്ച് ചെയ്തപ്പൊല്‍ കിട്ടിയത്:-

മാസമുറക്കിടെ ലൈംഗികബന്ധമെന്ന വിഷയത്തില്‍ സി.നാരായണറെഡ്ഡി എന്ന സെക്സോളജിസ്റ്റ് പറയുന്നത്.


ഇതാ ഇവിടെ

ജ്യോതിഷം മാത്രം കൈകാര്യം ചെയ്യുന്നവര്‍ അതുമാത്രം ചെയ്താല്‍ പോരെ? ആരോഗ്യവും ലൈംഗികതയും ശാസ്റ്റ്രവും അറിയാവുന്നവര്‍ക്ക് വിടുന്നതല്ലേ നല്ലത്?

പ്രിയപ്പെട്ട സ്വ.ലേ, ഇനിയും ഇതുപോലുള്ള പറട്ട സാധനങ്ങള്‍ എഴുതി ദയവു ചെയ്ത് എന്റെ ഉറക്കം കളയരുത്. TYPING ഇപ്പോഴും ഞാനത്ര പോരാ...

വായന:

1. Birth Control: Contraception and the so called safe-period, British Med.Journal; James Young
1936 may 30

2.Timing of sexual intercourse in relation to ovulation-Effects of probability of conception, survival of the pregnancy, and sex of the baby, The New England Journal of Medicine: Allen J.Wilcox, 7 December, 1995

3.The timing of the 'fertile window' in the menstrual cycle:day specific estimates from a prospective study, British Medical Journal: Allen J Wilcox , 18 November 2000
ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്?

മാത്രുഭൂമിയിലെ ഈ വാര്‍ത്ത, ചര്‍ച്ച ചെയ്ത് എങ്ങുമാകാത്ത ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതാണത്. രണ്ടും ഒരു പോലെ.

ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനത്തില്‍ ഇരുന്ന് കുട നിവര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റിവീണ് തലയിടിച്ചതാണ് മരണകാരണം. സ്വാഭാവികമായും ഹെല്‍മറ്റ് ധരിച്ചിരിയ്ക്കാന്‍ സാധ്യതയില്ല(എന്ന് ഞാന്‍ കരുതുന്നു).

വാഹനമോടിയ്ക്കുന്ന പല പുരുഷകേസരികളും ഹെല്‍മറ്റുപയോഗിയ്ക്കാറുണ്ടെങ്കിലും പുറകിലിരിയ്ക്കുന്ന സ്ത്രീകളും കുട്ടികളും ഹെല്‍മറ്റ് ഉപയോഗിച്ച് കാണാറില്ല. ഇതുപോലെ അപകടങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രമേ പലരും ഗൌരവമായി ഈ വിഷയത്തെ കാണാറുള്ളൂ.

വാഹനമോടിയ്ക്കുന്ന പുരുഷന്റെ അറിവില്ലായ്മയാണോ അതോ പുറകിലിരിയ്ക്കുന്ന കുട്ടികളോടും സ്ത്രീകളോടും ഉള്ള രണ്ടാംകിട മനോഭാവം കൊണ്ടാണോ ഇങ്ങിനെ സംഭവിയ്ക്കുന്നത്? ഒരു പക്ഷേ ശരിയായ അവബോധത്തിന്റെ കുറവുകൊണ്ടായിരിയ്ക്കുമോ?

അങ്ങിനെയെങ്കില്‍ അത് ഒരു സര്‍ക്കാരിന്റെ ബാധ്യതയല്ലേ? ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ കൂടി ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിയെടുത്ത് നിയമങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിയ്ക്കുകയെന്നത്? മദ്യപിച്ച് വാഹനമോടിയ്ക്കുന്നത് തടയാന്‍ ഇവിടെ നടത്തിയ stop drink driving campaign ന്റെ പരസ്യചിത്രങ്ങള്‍ youtube ല്‍ കാണാം. ഈ പരസ്യങ്ങള്‍ വന്ന ശേഷം പോലീസ് നടത്തിയ കര്‍ശനമായ റോഡ് പരിശോധനകളുടെയും ഫലമായി ലോകത്ത് മദ്യപാനത്തില്‍ രണ്ടാം സ്ഥാനക്കാരയിരുന്ന ഐറിഷുകാര്‍ ഇന്ന് നാലാം സ്ഥാനത്തായതില്‍ അത്ഭുതമില്ല. പരസ്യങ്ങളെയും നിയമത്തെയും എങ്ങിനെ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ കഴിയുമെന്നുള്ളതിന് ഒരു നല്ല ഉദാഹരണമാണിത്.

നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഹെല്‍മറ്റുപയൊഗത്തെക്കുറിച്ച് ഈ മാതിരിയുള്ള ഒരു നടപടിയും ദൃശ്യമാധ്യമങ്ങളില്‍ കൂടിയുള്ള ഒരു അവബോധശ്രമമോ ഉണ്ടായതായി അറിവില്ല.

ഇന്ന് ഒരുപക്ഷേ, വാര്‍ത്താചിത്രങ്ങളില്‍ക്കൂടി ഒരു ദാരുണമരണമായി ചാനലുകള്‍ ഇത് അഘോഷിയ്ക്കും, നാളെ മറ്റൊരു ഇരയെത്തേടി അവര്‍ യാത്രയാകും. അപകടമരണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയില്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ വെന്തെരിഞ്ഞ് അപ്പോഴും ചിലര്‍ മരിച്ച് ജീവിയ്ക്കുന്നുണ്ടാകും. ആര് സമാധാനം പറയും അവരുടെ സങ്കടങ്ങള്‍ക്ക്?

2009, നവംബർ 8, ഞായറാഴ്‌ച

കരടിയെ ആര്‍മിയില്‍ മേജര്‍ ആക്കണം

കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കൊല്ലുകയും മറ്റ് രണ്ടുപേരെ ഗുരുതരമായി പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത കരടിയെ ഇന്ത്യന്‍ ആര്‍മി തീര്‍ച്ചയായും ബഹുമാനിക്കേണ്ടതല്ലേ?

വാര്‍ത്ത ഇവിടെ

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ .

ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ?

ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന്നാണ് എന്റെ ഓര്‍മ്മ . ഇതൊക്കെയാണ് നമ്മളറിയേണ്ടത്, എന്നാല്‍ നമ്മില്‍നിന്നും മറച്ചുവെയ്ക്കപ്പെടുന്നത്.

കണ്ണുചിമ്മുന്ന മാര്‍ബിള്‍ തറയും 21 പ്രാവശ്യം ബി.പി നോക്കുന്ന നഴ്സുമാരുമുള്ള പ്രൈവറ്റ് ആശുപത്രികള്‍ എന്നാണ് എനിക്കുപേക്ഷിയ്ക്കാന്‍ കഴിയുക്?

എന്റെയൊരവസ്ഥ?