എന്റെ തോന്ന്യാസങ്ങള്‍...

2008, നവംബർ 30, ഞായറാഴ്‌ച

മുംബൈ ആക്രമണം, പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

ഇന്നലെ രാത്രിയോടെ ഭീകരരെ മുഴുവനോടെ തുരത്തിയെന്ന വാര്‍ത്ത ബര്‍ക്ക ദത്ത് അറിയിച്ചതോടെയാണ് ഞാന്‍ ഉറങ്ങിയത്. അതുവരെ പാതിമയക്കത്തിലും പകുതി ജോലിയിലുമായി ഞാന് ടി.വി യുടെ മുന്നില്‍ ത്തന്നെയായിരുന്നു.

ആദ്യമേ, ഭാരതീയര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിച്ച എല്ലാ രാജ്യസ്നേഹികളേയും സ്മരിച്ചുകൊള്ളട്ടെ...

എല്ലാ ടി.വി ചാനലുകളും ഇപ്പോള്‍ ഇന്ത്യയുടെ ഭാവി പരിപാടികളേയും പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യ നിസംഗരുടെ ഒരു കൂട്ടമാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണങ്ങള്‍ മറക്കാനും തീവ്രവാദികള്‍ക്ക് മാപ്പുകൊടുക്കുവാനും നമുക്ക് കഴിഞ്ഞേയ്ക്കും.
പക്ഷേ, രണ്ടു ദിവസം ഉറക്കമിളച്ച് ഞാന്‍ കണ്ട ലൈവ് യുദ്ധം എന്നെ ഭീതിപ്പെടുത്തുന്നത് ക്യാമറക്കണ്ണൂകള്‍ കാണിച്ചുതന്ന ചില രഹസ്യങ്ങള്‍ കണ്ടിട്ടാണ്.

താജ് എന്നാല്‍ ഇന്ത്യയാണെന്നും, താജിനേറ്റ ആക്രമണം സ്വന്തം വീടിനാണെന്നും കരുതുന്ന ഒട്ടനവധി പേരെ ചാനലുകള്‍ കാണിച്ചുതന്നു. അവരെല്ലാം താജില്‍നിന്നും ഭക്ഷണം കഴിയ്ക്കുകയും മാസത്തിലൊരിയ്ക്കലെങ്കിലും താജ് സന്ദര്‍ശിയ്ക്കുന്നവരും ആയിരുന്നു. താജെന്നല്ല, ഒരു തട്ടൂകടയില്‍ പോയി രണ്ടുനേരം വയറുനിറയെ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്തവനു പോലും ഇന്ത്യയെന്നാല്‍ ഒരു വികാരമാണ്; ഭാരതത്തിന്റെ ഒരു മണല്‍ത്തരിയെ ആക്രമിയ്ക്കുന്നതു പോലും സഹിയ്ക്കാന്‍ കഴിയാത്ത, താജില്‍ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്ത, അവരുടെ വികാരങ്ങള്‍ പകര്‍ത്താന്‍ ക്യാമറക്കണ്ണുകള്‍ മറന്നുപോയി, അതിലെനിയ്ക്ക് പരിഭവം. വളരുന്ന ഇന്ത്യയെ, ആംഗലേയം സംസാരിയ്ക്കുന്ന ഇന്ത്യയെ, മാത്രമേ അഭിനവ ചാനലുകാര്‍ക്ക് പരിചയമുള്ളൂ...
കൊല്ലപ്പെട്ട പതിനാലു പോലീസുകാരുടെ, ശിപായിമാരുടെ ആശ്രിതരുടെ കഥകള്‍ ഞാന്‍ കേട്ടില്ല. ഞാന്‍ കേള്‍ക്കില്ല. അവര്‍ ചാവാലിപ്പട്ടികള്‍. മുന്നൂറ്റിമൂന്നാം നമ്പര്‍ രൈഫിളും പേറി മരണത്തിലേയ്ക്ക് ഉറക്കമുണരുന്നവര്‍. കഷ്ടം ഇന്ത്യേ...അറുപതുവര്‍ഷത്തെ സ്വാതന്ത്ര്യം നീ എനിയ്ക്ക് തന്നത്, തളരുന്ന ഇന്ത്യയെ വെറുക്കാനുള്ള കറുപ്പായിരുന്നല്ലോ?


അതവിടെ നിക്കട്ടെ, പറയാന്‍ വന്നത് അതായിരുന്നില്ല. പറഞ്ഞുതുടങ്ങിയപ്പോള്‍ കാടുകയറിയെന്ന് മാത്രം.
ക്യാമറക്കണ്ണൂകള്‍ കാണിച്ചുതന്ന ചിത്രങ്ങളില്‍ ഭാരതത്തിന്റെ രക്ഷാസേനയുടെ പരാധീനതകള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. സാധാരണ പോലീസുകാരന്റെ കയ്യില്‍ ൪൦ വര്‍ഷം പഴക്കമുളള തോക്കാണെങ്കിലും എന്‍.എസ്.ജി യുടെ കയ്യില്‍ പലവിധ ആയുധങ്ങള്‍ കണ്ടിരുന്നു. എങ്കിലും, അവര്‍ എത്തിപ്പെടാനെടുത്ത സമയം, ആസൂത്രണങ്ങളിലെ പരാജയം, വിജയിയ്ക്കാനെടുത്ത സമയം ഇതെല്ലാം വിമര്‍ശിയ്ക്കപ്പേടുന്നു.

നരിമാന്‍ ഹൌസ് വീണ്ടെടുക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത് ഭാരത്തിന്റെ പോരായ്മ വിലയിരുത്തിക്കൊണ്ട് തന്നെയാണ്.അഞ്ചുപേരുടെ ജീവന്‍ നഷ്ടമായ ആ ആസൂത്രണത്തെ ഇസ്രയേല്‍ വിമര്‍ശിച്ചു കഴിഞ്ഞു. എനിക്കോര്‍മ്മ വന്നത്, ൧൯൭൬ ല്‍ ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ടാണ്. ഒരു ശത്രുരാജ്യത്ത് പോയി, തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനവും, യാത്രികരേയും വളരെക്കുറഞ്ഞ നഷ്ടത്തോടെ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞത് അവരുടെ ആസൂത്രണത്തിന്റെയും സൈനികരുടെയും മികവുകൊണ്ടാണ്. അവര്‍ ആ സഹായം നമുക്ക് വാഗ്ദാനം ചെയ്തത് വെറുതെയായിരുന്നില്ല. അവര്‍ക്ക് രക്ഷിക്കേണ്ടിയിരുന്നത്, ഇസ്രയേലികളെയായിരുന്നു. എന്നിരിക്കിലും, നമ്മുടെ പോരായ്മകള്‍ ഇവിടെ വല്ലതെ വെളിപ്പെട്ടിരിയ്ക്കുന്നു. നാളെ, ഒരു ശത്രുരാജ്യം നമ്മെ ആക്രമിയ്ക്കുമ്പോള്‍ പ്രതീക്ഷിക്ക്കേണ്ടതെന്തെന്ന് നമ്മുടെ ചാനലുകള്‍ വിദേശികള്‍ക്ക് കാണിച്ചുകൊടുത്തു.
എന്നാണ് നമ്മുടെ സേനയ്ക്ക് സുശ്ശക്തമായ ആയുധങ്ങളും ആസൂത്രണശ്ശേഷിയുള്ള തലവന്മാരുമുണ്ടാവുക? അഞ്ചോളം മണിക്കൂറുകള്‍ എടുത്താണ് കമന്‍ഡോകള്‍ സ്ഥലത്ത് എത്തിയത്, അതും ഒരു ബസില്‍? കാളവണ്ടിയിലാവതിരുന്നത് ഭാഗ്യം.


പ്രതികരണശേഷി നശിച്ച നമ്മള്‍ ഒരിയ്ക്കലും കുറ്റം പറയില്ല. നമ്മുടെ സേനകള്‍ രാഷ്ട്രീയക്കാരന്റെ കിടപ്പറകള്‍ക്ക് കാവല്‍നില്‍ക്കട്ടെ!
നമുക്ക് യുദ്ധം ചെയ്യാന്‍ അരിവാളുകളും വാരിക്കുന്തങ്ങളുമുണ്ടല്ലോ?
അല്ലെങ്കില്‍ വേണ്ട, നാളെ ഒരു ഹര്‍ത്താലായാലോ? അതെ, പാക്കിസ്ഥാന്‍ നടത്തുന്ന ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ ഒരു ഹര്‍ത്താല്‍.

2008, നവംബർ 10, തിങ്കളാഴ്‌ച

മലയാളി എന്തെ ഇങ്ങിനെ? ( വീഡിയോ)

മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ഈ കൃത്യത്തിന്‍ മുതിരണമെങ്കില്‍ എന്തു മാത്രം അസഹനീയമായിരിയ്ക്കണം ഈ മലയാളിയുടെ പ്രവൃത്തി. മോഹന്‍ലാല്‍ പ്രകോപിതനായത് ലണ്ടനില്‍ വെച്ച്.
മോഹന്‍ലാലിനെപ്പോലെ മഹാനായ ഒരു കലാകാരന്‍ ഇവിടെ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട സാമാന്യമര്യാദകള്‍ പോലും സംഘാട്റ്റകര്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍.
മോഹന്‍ലാലും ശ്രദ്ധ വെയ്ക്കണമായിരുന്നു, തന്റെ ഇമേജ് തകരാത്ത രീതിയില്‍ പരിപാടി ആസൂത്രണം ചെയ്യാന്‍...ഇപ്പോള്‍ കിട്ടിയത്: പൊതുസ്ഥലത്ത് കൂട്ടം ചേര്‍ന്ന് മൂത്രം ഒഴിച്ചത്, കസേരകള്‍ തല്ലിപ്പൊളിച്ചത്, റ്റൊയിലെറ്റ് വൃത്തികേടാക്കിയത്, തുടങ്ങി വ്യ്ത്യസ്ത കാരണങ്ങളാല്‍ ഇനി മുതല്‍ മലയാളികള്‍ക്ക് ഓണം ആഘോഷിയ്ക്കാന്‍ സ്ഥലം കൊടുക്കേണ്ടെന്ന് കൌണ്‍സില്‍ തീരുമാനിച്ചു.

2008, നവംബർ 5, ബുധനാഴ്‌ച

എന്തെ മലയാളി ഇങ്ങിനെ?

ഈയിടെ മോഹന്‍ലാല്‍ നടത്തിയ യുറോപ്യന്‍ പര്യടനത്തിന്റെ ചില ദൃശ്യങ്ങള്‍ ആണെന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്.

അയര്‍ലാന്റിലെ താല എന്ന സ്ഥലത്ത് ഒരു‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടത്തിയ പരിപാടി, വളരെ മോശമായി സംവിധാനം ചെയ്ത ശബ്ദക്രമീകരണങ്ങള്‍ കാരണം ആദ്യാവസാനം ബോറായിരുന്നു. മോഹന്‍ലാലിനെപ്പോലെ പ്രശസ്തനായ ഒരു നടനെ അപമാനിയ്ക്കുന്നതിന്‍ തുല്യമായിപ്പോയി ഈ പരിപാടി.

അതല്ല എന്റെ പ്രശ്നം.

പരിപാടി തുടങ്ങിയപ്പോള്‍ തന്നെ കുറെപ്പേര്‍ ഉഡാന്‍സ് തുടങ്ങി. ഒരു മലയാളി ചേട്ടന്‍, കോട്ടും സൂട്ടുമിട്ട് ഉഡാന്‍സുകാരോട് ചെന്ന് സീറ്റിലിരിയ്ക്കാന്‍ പറഞ്ഞു. പോയിപ്പണി നോക്കാന്‍ പറഞ്ഞു പിള്ളേര്‍. അപ്പോള്‍ ചേട്ടന്‍ പോയി വെളുത്ത തൊലിയുള്ള (സായിപ്പന്‍) സെക്യൂരിറ്റിയെ കൊണ്ടുവന്നു. അയാളെ ദൂരെക്കണ്ടതും ഉഡാന്‍സുകാര്‍ തിരികെ സീറ്റിലേയ്ക്ക്.

എന്റെ പ്രശ്നം ഒന്ന്. അഭിമാനക്ഷതം.

മലയാളിയായ ഒരു പ്രോഗ്രാം കോര്‍ഡിനേറ്ററെ അനുസരിയ്ക്കാത്ത മലയാളിപ്പയ്യന്മാര്‍ ഒരു സായിപ്പന്‍ വരുന്നത് കണ്ടപ്പഴേ പേടിച്ച് സീറ്റീക്കേറിയിരുന്നു. എനിയ്ക്ക് തോന്നിയത് പുച്ഛം ലജ്ജ എന്നിവയുടെ ഒരു സമ്മിശ്ര വികാരം. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുമെന്ന് പറഞ്ഞതിന്റെ ഒരു ഉത്തമ ഉദാഹരണം. അടിമത്തം ചിന്തയെ നശിപ്പിയ്ക്കും, മാത്രമല്ല അത് തലമുറകളോളം പോകുകയും ചെയ്യും. വെളുത്ത തൊലിയൂള്ളവനെ (കയ്യില്‍ കാശുള്ള, ആഫ്രിക്കക്കാരന് രാജാവാണെങ്കിലും, ഇപ്പോഴും നാട്ടിലെ ചെറുമനേക്കാള്‍ ശകലം മുകളിലേ സ്ഥാനമുള്ളൂ..)കാണുമ്പോള്‍ അവന്‍ പറഞ്ഞത് അപ്പടി അംഗീകരിയ്ക്കാന്‍ നമുക്കൊരു വിഷമവുമില്ല.

പ്രശ്നം രണ്ട്. നാണക്കേട്.

ഉഡാന്‍സുകാരുടെ എണ്ണം കൂടി, പരിപാടി കാണാന്‍ വന്നിരിയ്ക്കുന്ന ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കാണാന്‍ പറ്റാത്ത രീതിയില്‍ ഉഡാന്‍സുകാര്‍ നിന്ന് തകര്‍ക്കുകയാണ്. അതിലൊരുവന്‍ മൂന്നോ നാലോ വയസ്സുള്ള മകളെ തോളിലേറ്റി മൂക്കറ്റം കുടിച്ചിട്ടാണ് ഡാന്‍സ്. ഇടയ്ക്കൊരിയ്ക്കല്‍ നാടുകാരുമായി ഉരസി സെക്യൂരിറ്റി പിടിച്ചിരുത്തി. അതിന്റെ ബാക്കിപത്രമാവണം പരിപാടിത്തീരുന്നതിന്‍ മുന്‍്പെ രണ്ടുവണ്ടി പോലീസ് സ്ഥലത്തെത്തി. ബാക്കി കാണാന്‍ നില്‍ക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി.

എന്റെ പ്രശ്നം, ഞാന്‍ ഉത്തരേന്ത്യക്കാരുടെ പല പരിപാടികളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പങ്കേടുക്കുന്നു, ഒന്നിലും മേലെപ്പറഞ്ഞ രീതിയില്‍ അലമ്പ് കണ്ടിട്ടില്ല. എന്താ നമ്മളിങ്ങനെ. മലയാളിയ്ക്ക് സ്വന്തമായി ഒരു സമൂഹ നൃത്തപാരമ്പര്യമില്ല. പരിപാടി സീറ്റിലിരുന്ന് ആസ്വദിച്ച് എഴുന്നേറ്റ് പോകുന്നതാണ് മലയാളിയുടെ ആസ്വാദനം. അപകര്‍ഷതാബോധത്തിന്റെയും, കഴിവില്ലായ്മയുടെയും നിലവിളമാണ് മലയാളി. തീര്‍ച്ചയായും നമുക്കും വേണ്ടതാണ് നൃത്തം ചെയ്യാന്‍ ഒരു ഭാഗം-ഉഡാന്‍സ് ഫ്ലോറ്. പക്ഷെ അതിന്‍ താല്‍പ്പര്യക്കാരുണ്ടാവില്ല, കാരണം അതൊരു ആഘോഷമാക്കാന്‍ കഴിയാത്തത് തന്നെ. ഉത്തരേന്ത്യക്കാരന് നൃത്തം ചെയ്യാനറിയാം. നൃത്തം അവന്റെ ജീവിതത്തിന്റെ ഭാഗമാണ്. വിവാഹത്തിലും, അഘോഷത്തിലും എല്ലാം നൃത്തം ഒരു ഭാഗമാണ്, എന്നാല്‍ മലയാളിയ്ക്ക് അത് ഒരു സ്വപ്നത്തിന്റെ ഭാഗമാണ്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുള്ള ശ്രമമാണ് മിയ്ക്കവാറും അലമ്പായിത്തീരുന്നത്.

ഹാ..എന്തു പറയാന്‍....