എന്റെ തോന്ന്യാസങ്ങള്‍...

2008, നവംബർ 5, ബുധനാഴ്‌ച

എന്തെ മലയാളി ഇങ്ങിനെ?

ഈയിടെ മോഹന്‍ലാല്‍ നടത്തിയ യുറോപ്യന്‍ പര്യടനത്തിന്റെ ചില ദൃശ്യങ്ങള്‍ ആണെന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്.

അയര്‍ലാന്റിലെ താല എന്ന സ്ഥലത്ത് ഒരു‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടത്തിയ പരിപാടി, വളരെ മോശമായി സംവിധാനം ചെയ്ത ശബ്ദക്രമീകരണങ്ങള്‍ കാരണം ആദ്യാവസാനം ബോറായിരുന്നു. മോഹന്‍ലാലിനെപ്പോലെ പ്രശസ്തനായ ഒരു നടനെ അപമാനിയ്ക്കുന്നതിന്‍ തുല്യമായിപ്പോയി ഈ പരിപാടി.

അതല്ല എന്റെ പ്രശ്നം.

പരിപാടി തുടങ്ങിയപ്പോള്‍ തന്നെ കുറെപ്പേര്‍ ഉഡാന്‍സ് തുടങ്ങി. ഒരു മലയാളി ചേട്ടന്‍, കോട്ടും സൂട്ടുമിട്ട് ഉഡാന്‍സുകാരോട് ചെന്ന് സീറ്റിലിരിയ്ക്കാന്‍ പറഞ്ഞു. പോയിപ്പണി നോക്കാന്‍ പറഞ്ഞു പിള്ളേര്‍. അപ്പോള്‍ ചേട്ടന്‍ പോയി വെളുത്ത തൊലിയുള്ള (സായിപ്പന്‍) സെക്യൂരിറ്റിയെ കൊണ്ടുവന്നു. അയാളെ ദൂരെക്കണ്ടതും ഉഡാന്‍സുകാര്‍ തിരികെ സീറ്റിലേയ്ക്ക്.

എന്റെ പ്രശ്നം ഒന്ന്. അഭിമാനക്ഷതം.

മലയാളിയായ ഒരു പ്രോഗ്രാം കോര്‍ഡിനേറ്ററെ അനുസരിയ്ക്കാത്ത മലയാളിപ്പയ്യന്മാര്‍ ഒരു സായിപ്പന്‍ വരുന്നത് കണ്ടപ്പഴേ പേടിച്ച് സീറ്റീക്കേറിയിരുന്നു. എനിയ്ക്ക് തോന്നിയത് പുച്ഛം ലജ്ജ എന്നിവയുടെ ഒരു സമ്മിശ്ര വികാരം. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുമെന്ന് പറഞ്ഞതിന്റെ ഒരു ഉത്തമ ഉദാഹരണം. അടിമത്തം ചിന്തയെ നശിപ്പിയ്ക്കും, മാത്രമല്ല അത് തലമുറകളോളം പോകുകയും ചെയ്യും. വെളുത്ത തൊലിയൂള്ളവനെ (കയ്യില്‍ കാശുള്ള, ആഫ്രിക്കക്കാരന് രാജാവാണെങ്കിലും, ഇപ്പോഴും നാട്ടിലെ ചെറുമനേക്കാള്‍ ശകലം മുകളിലേ സ്ഥാനമുള്ളൂ..)കാണുമ്പോള്‍ അവന്‍ പറഞ്ഞത് അപ്പടി അംഗീകരിയ്ക്കാന്‍ നമുക്കൊരു വിഷമവുമില്ല.

പ്രശ്നം രണ്ട്. നാണക്കേട്.

ഉഡാന്‍സുകാരുടെ എണ്ണം കൂടി, പരിപാടി കാണാന്‍ വന്നിരിയ്ക്കുന്ന ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കാണാന്‍ പറ്റാത്ത രീതിയില്‍ ഉഡാന്‍സുകാര്‍ നിന്ന് തകര്‍ക്കുകയാണ്. അതിലൊരുവന്‍ മൂന്നോ നാലോ വയസ്സുള്ള മകളെ തോളിലേറ്റി മൂക്കറ്റം കുടിച്ചിട്ടാണ് ഡാന്‍സ്. ഇടയ്ക്കൊരിയ്ക്കല്‍ നാടുകാരുമായി ഉരസി സെക്യൂരിറ്റി പിടിച്ചിരുത്തി. അതിന്റെ ബാക്കിപത്രമാവണം പരിപാടിത്തീരുന്നതിന്‍ മുന്‍്പെ രണ്ടുവണ്ടി പോലീസ് സ്ഥലത്തെത്തി. ബാക്കി കാണാന്‍ നില്‍ക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി.

എന്റെ പ്രശ്നം, ഞാന്‍ ഉത്തരേന്ത്യക്കാരുടെ പല പരിപാടികളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പങ്കേടുക്കുന്നു, ഒന്നിലും മേലെപ്പറഞ്ഞ രീതിയില്‍ അലമ്പ് കണ്ടിട്ടില്ല. എന്താ നമ്മളിങ്ങനെ. മലയാളിയ്ക്ക് സ്വന്തമായി ഒരു സമൂഹ നൃത്തപാരമ്പര്യമില്ല. പരിപാടി സീറ്റിലിരുന്ന് ആസ്വദിച്ച് എഴുന്നേറ്റ് പോകുന്നതാണ് മലയാളിയുടെ ആസ്വാദനം. അപകര്‍ഷതാബോധത്തിന്റെയും, കഴിവില്ലായ്മയുടെയും നിലവിളമാണ് മലയാളി. തീര്‍ച്ചയായും നമുക്കും വേണ്ടതാണ് നൃത്തം ചെയ്യാന്‍ ഒരു ഭാഗം-ഉഡാന്‍സ് ഫ്ലോറ്. പക്ഷെ അതിന്‍ താല്‍പ്പര്യക്കാരുണ്ടാവില്ല, കാരണം അതൊരു ആഘോഷമാക്കാന്‍ കഴിയാത്തത് തന്നെ. ഉത്തരേന്ത്യക്കാരന് നൃത്തം ചെയ്യാനറിയാം. നൃത്തം അവന്റെ ജീവിതത്തിന്റെ ഭാഗമാണ്. വിവാഹത്തിലും, അഘോഷത്തിലും എല്ലാം നൃത്തം ഒരു ഭാഗമാണ്, എന്നാല്‍ മലയാളിയ്ക്ക് അത് ഒരു സ്വപ്നത്തിന്റെ ഭാഗമാണ്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുള്ള ശ്രമമാണ് മിയ്ക്കവാറും അലമ്പായിത്തീരുന്നത്.

ഹാ..എന്തു പറയാന്‍....

3 അഭിപ്രായങ്ങൾ:

 1. ഡാന്‍സില്ലാതെ നമുക്കെന്താഘോഷം !

  സെക്യൂരിറ്റിക്കാരന്റെ തടിമിടുക്കായിരിക്കണം നൃത്തം നിറുത്തി സീറ്റില്‍ പോയിരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

  മറുപടിഇല്ലാതാക്കൂ
 2. “ വിവാഹത്തിലും, അഘോഷത്തിലും എല്ലാം നൃത്തം ഒരു ഭാഗമാണ്, എന്നാല്‍ മലയാളിയ്ക്ക് അത് ഒരു സ്വപ്നത്തിന്റെ ഭാഗമാണ്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുള്ള ശ്രമമാണ് മിയ്ക്കവാറും അലമ്പായിത്തീരുന്നത്.“

  ഹ ഹ .... അതു സത്യം മാഷെ .. കലക്കി

  മറുപടിഇല്ലാതാക്കൂ
 3. നൃത്തം ചെയ്യാന്‍ ഒരു സ്ഥലം ഒഴിച്ചു കൊടുക്കുക തന്നെ പോംവഴി. സെക്യൂരിറ്റിയുടെ സാന്നിധ്യത്തില്‍. സ്റ്റേജിലേക്ക് ചാടിക്കയറുന്നവനെ തള്ളിയിട്ടതില്‍ കുറ്റമൊന്നുമില്ല. പക്ഷെ അതു സെക്യൂരിറ്റി ചെയ്യേണ്ട പണി ആയിരുന്നു.
  ഒരു താരസംഗമത്തില്‍ നിന്നു ഞാനും ഓടി രക്ഷപെട്ടിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങളുടെ രക്ഷയെക്കരുതി.

  മറുപടിഇല്ലാതാക്കൂ