എന്റെ തോന്ന്യാസങ്ങള്‍...

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ .

ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ?

ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന്നാണ് എന്റെ ഓര്‍മ്മ . ഇതൊക്കെയാണ് നമ്മളറിയേണ്ടത്, എന്നാല്‍ നമ്മില്‍നിന്നും മറച്ചുവെയ്ക്കപ്പെടുന്നത്.

കണ്ണുചിമ്മുന്ന മാര്‍ബിള്‍ തറയും 21 പ്രാവശ്യം ബി.പി നോക്കുന്ന നഴ്സുമാരുമുള്ള പ്രൈവറ്റ് ആശുപത്രികള്‍ എന്നാണ് എനിക്കുപേക്ഷിയ്ക്കാന്‍ കഴിയുക്?

എന്റെയൊരവസ്ഥ?


2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

മാധ്യമവിചാരവും വിചാരണയും

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്ന് ഒരു സാധാരണക്കാരന്‍ മാധ്യമങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് ചിന്ത ഉയര്‍ന്നുവന്നിരുന്നു. ക്രൈം റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പലപ്പോഴും കുറ്റവാളിയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും ഞാന്‍ കരുതുന്നു.

മാധ്യമധര്‍മ്മങ്ങളെക്കുറിച്ച് നല്ല ഒരു ലേഖനം ഡോ.സെബാസ്റ്റ്യ്ന്‍ പോളിന്റേതായി മാത്രുഭൂമിയില്‍.

ഇവിടെ വായിയ്ക്കാം.

2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

സിയാബ്: നീ ചെയ്യേണ്ടത്

സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല.

നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്.

നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു?

തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍.

അവര്‍ പറയുന്നു, നീ കള്ളനാണെന്ന്.

ഒരാളുടെ കയ്യില്‍ നിന്ന് കാശുവാങ്ങിയെന്നും നിനക്ക് അസുഖമാണെന്നും നീ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.

വേറെയാരും നിനക്കെതിരെ ആരോപണങ്ങളുമായി വരാത്ത സ്ഥിതിയ്ക്ക് നിന്റെ ഉത്തരങ്ങള്‍ പബ്ലിക് ആവേണ്ട ആവശ്യമില്ല.

നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട.

മറ്റുള്ളവര്‍ക്ക് നീ കള്ളനാണെന്ന് സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്, അവരതിന്റെ വഴി നോക്കട്ടെ! മറ്റാരും നീ കബളിപ്പിച്ചുഎന്ന് പറഞ്ഞ് മുന്നോട്ട് വരാത്ത കാലത്തോളം നിന്റെ ഉത്തരങ്ങള്‍ നിനക്ക് മൌനമായി വെയ്ക്കാം.

സാമ്പത്തികമായി നീ വേറെ ആരൊടും കടപ്പെട്ടിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് ഈ അഭിപ്രായം.

നിന്റെ പഠനത്തെക്കുറിച്ചും നിന്റെ ജോലിയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് വിശദീകരിയ്ക്കേണ്ട ഒരു കാര്യവുമില്ല.
ഇത് ഒരു ജോബ് ഇന്റര്‍വ്യൂ അല്ല, അവരാരും നിനക്ക് ജോലി തരാനും പോവുന്നുമില്ല, അവരുടെ അടുത്ത് നീ പഠിയ്ക്കാന്‍ പോവുന്നുമില്ല. അതുകൊണ്ട് നിന്റെ ജോലിയെക്കുറിച്ചോ, നിന്റെ യോഗ്യതയെക്കുറിച്ചോ ആരുടെയും അടുത്ത് പരാമര്‍ശിയ്ക്കേണ്ട ആവശ്യമില്ല.

നിന്നെ ഒരു മനുഷ്യനായികാണാന്‍ അവര്‍ ആദ്യം പഠിയ്ക്കട്ടേ, എന്നിട്ടുമതി നിന്റെ യോഗ്യതകള്‍ അളക്കാന്‍.

നിന്റെ അസുഖങ്ങള്‍ നീ വെളിപ്പെടുത്തിക്കഴിഞ്ഞു, ഇവിടെ ആര്‍ക്കും അതറിയേണ്ട ആവശ്യമില്ല. ഇനിയെങ്കിലും ഈ വിഷയത്തില്‍ നീ മൌനം പാലിയ്ക്കുക. നീ കാശു വാങ്ങിയെന്ന് ആരോപിച്ച വ്യക്തിയെ മാത്രം വിളിച്ച് സംസാരിയ്ക്കുക.

നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ലോകം എത്ര വികൃതമാണെന്ന് നീ മനസ്സിലാക്കുമല്ലോ? നിന്നെക്കുറിച്ച് വന്ന പത്രവാര്‍ത്തകളിലും ചാനല്‍ റിവ്യൂകളും കണ്ട് നിന്റെ പ്രശസ്തിയുടെ രസം നുകരാന്‍ അടുത്തുകൂടിയ ചെന്നായക്കൂട്ടങ്ങളെയാണ് നീ ഇപ്പോള്‍ തിരിച്ചറിഞ്ഞത്.


ഞാന്‍ മുകളില്‍പ്പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു...നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക.2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

ഐ.എ.എസു കാരും സി.ഐ.ഡികളും

കുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു.
ഇവിടെ കുറ്റാരോപിതന്‍ ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്‍ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ അഭിപ്രായം.

എന്തുകൊണ്ട് ബൂലോകപത്രപ്രവര്‍ത്തകര്‍ എന്ന് സ്വയം ചമയുന്ന ചിലര്‍ ഈ ഇന്‍‌വെസ്റ്റിഗേറ്റീവ് ആക്രാന്തം കാണിയ്ക്കുന്നു? കാണിക്കേണ്ടിയിരുന്നത് ചങ്കൂറ്റമല്ലേ? അയാള്‍ ഒരു കള്ളനാണയമാണെങ്കില്‍ സൈബര്‍പോലീസില്‍ കേസ് കൊടുത്ത് യഥാര്‍ത്ഥവിവരങ്ങള്‍ പൊതുജനത്തിന് എത്തിയ്ക്കുകയല്ലേ വേണ്ടത്?
മറിച്ച് ഉണ്ടായത് സ്വന്തം ബ്ലോഗില്‍ അയാളെക്കുറിച്ച് ശരിയായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിയ്ക്കുകയും അതുവഴി വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തത്. ഒരു വ്യക്തിയെക്കുറിച്ച് അയാളുടെ സമ്മതമില്ലാതെ അയാളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്യുന്നത് തീര്‍ച്ചയായും മര്യാദകേടാണ്. പരാമര്‍ശവിധേയനായ വ്യക്തി ഒരു ദരിദ്രപശ്ചാത്തലമുള്ളയാളായതുകൊണ്ട് എന്ത് തോന്ന്യാസവും കാണിയ്ക്കാമെന്നത് നമ്മുടെ നാടിന്റെ മാന്യതയില്ലാത്ത പരിശ്ഛേദം മാത്രമാണ് കാണിയ്ക്കുന്നത്. കുറ്റം തെളിയിയ്ക്കപ്പെടുന്നവരെ ഏതുകുറ്റവാളീയും നിരപരാധിയാണെന്ന നീതി നിഷേധിയ്ക്കപ്പെടുക മാത്രമല്ല, സ്വന്തം ജീവിതം അണുകിട കീറി വാര്‍ത്തയാക്കുന്നത് നോക്കിനില്‍ക്കാനേ നിര്‍ഭാഗ്യവാനായ ഈ യുവാവിന് കഴിയുന്നുള്ളൂ.
എന്താണ് ഈ ബ്ലോഗുകാര്‍ക്ക് വേണ്ടത്?
തങ്ങള്‍ ഇന്വെസ്റ്റിഗേറ്റീവ് ബ്ലോഗ് എന്ന ഒരു പുതിയ സംവിധാനത്തിന്റെ വക്താക്കളാണെന്നോ?

ഇവിടെ സംഭവിച്ച ചില കാര്യങ്ങള്‍:-

ഈ യുവാവിന് അദ്ദേഹത്തിന്റെ അവസ്ഥയില്‍ വിഷമം തോന്നി 47000 ഓളം രൂപ അയച്ചുകൊടുത്ത ഒരു മാന്യവ്യക്തി. ദാനം വളരെ നല്ല കാര്യമാണ്, ദാനം പാത്രമറിഞ്ഞ് വേണമെന്ന് പണ്ട് പാര്‍വതി പറഞ്ഞിട്ടുണ്ട്, ശിവനോട്. വേദപുസ്തകം പറയുന്നു, വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന്. ഇതെല്ലാം ദാനത്തിന്റെ ഔദാര്യത്തെ മഹത്വല്‍ക്കരിയ്ക്കുന്നു എന്ന് മാത്രമല്ല അത് വാങ്ങുന്ന ആളെ അപമാനപ്പെടുത്തുന്നുമില്ല;
ഇവിടെ അതാണോ സംഭവിച്ചത്? ബഹുമാനപ്പെട്ട മാന്യദയാനിധി ദാനകര്‍ത്താവ് തന്റെ ബൂലോക ഇന്വെസ്റ്റിഗേറ്റീവ് ടീമിനെ സമീപിച്ച് തന്റെ ബാങ്ക് ഡീറ്റയിത്സും താന്‍ ചാറ്റ് ചെയ്ത റെക്കോര്‍ഡും സഹിതം കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നു.ഇത് നീതിന്യായവ്യവസ്ഥയൊടുള്ള കടുത്ത നിഷേധമല്ലേ? മാത്രമോ? തന്റെ രോഗവിവരം മറ്റാരോടും പറയരുതെന്ന് പറഞ്ഞ് വാക്കലുള്ള ഉറപ്പിലാണ് ഈ ദാനം സ്വീകരിയ്ക്കാന്‍ യുവാവ് തയ്യാറായത്.
താന്‍ കബ്ബളിപ്പിയ്ക്കപ്പെട്ടുവെന്ന് മനസ്സിലായാല്‍ ഉടനെ പോലീസില്‍ പരാതികൊടുക്കുകയല്ലേ വേണ്ടത്? സാമാന്യബോധമുള്ളവര്‍ അങ്ങിനെയല്ലേ ചെയ്യുക?
ഇതിന് വേണ്ടി നാട്ടില്‍ അന്വേഷണം നടത്തിയ ആളുകള്‍ ഈ യുവാവ് പഠിച്ച സ്ഥലം, പരിചിതര്‍ എന്നിവരുടെ അടുത്തെല്ലാം പോയെന്നും അവരുമായി സംസാരിച്ച് ഇയാള്‍ ഒരു ഐ.എ.എസുകാരനല്ല എന്ന് മനസ്സിലാകിയതയി പറയുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം അയാള്‍ ഒരു ക്ലെയിം ചെയ്തിട്ടില്ല അങ്ങിനെ(തെറ്റാവാം).

നാട്ടില്‍ അന്വേഷണം നടത്തുന്ന ഈ അന്വേഷകര്‍ ഈ വ്യക്തിയെ നേരിട്ട് പിടിച്ച് നിറുത്തി ചോദിയ്ക്കാത്തതെന്ത്? എല്ലാ ഉത്തരങ്ങളും നേരിട്ട് റെക്കോര്‍ഡ് ചെയ്ത് പോഡ്കാസ്റ്റും ചെയ്യാമായിരുന്നല്ലോ?

Whats the fun in the kill without a chase?

അയാളെ അപമാനിച്ച്, കള്ളനെന്നും കാപട്യക്കാരനെന്നും മുദ്ര കുത്തി, പരാജയപ്പെടുത്തുകയാണ്; സ്വന്തം വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി.

ഈപ്പറഞ്ഞ വ്യക്തി ഒരു കേന്‍സര്‍ രോഗിയാണെന്നും താന്‍ R.C.C യില്‍ ചികിത്സയിലാണെന്നും അറിഞ്ഞവഴി അവിടെ ചികിത്സ ചെയ്തിട്ടുള്ള ആ പ്രായത്തിലുള്ള എല്ലാ മനുഷ്യരുടെയും വിവരങ്ങള്‍ വേട്ടനായ്ക്കള്‍ക്കിട്ടുകൊടുക്കുന്നു, രോഗികളുടെ വിവരങ്ങള്‍; അത് അസുഖമാകട്ടെ, അവന്റെ അഡ്രസ്സാകട്ടെ എന്തുമാകട്ടെ സംരക്ഷിയ്ക്കാന്‍ ചുമതലപ്പെട്ട ഒരു ഭിഷഗ്വരന്‍.
എവിടെയാണ് നമുക്ക് പിഴച്ചുപോകുന്നത്? സ്വന്തം രോഗത്തെക്കുറിച്ച്, ശപഥം ചെയ്ത ഒരു ഡോക്റ്ററോട് എങ്ങിനെ നമുക്ക് ചര്‍ച്ചചെയ്യാന്‍ കഴിയും? ഞാന്‍ ഒരു ദരിദ്രനാണേങ്കില്‍ എന്റെ അസുഖത്തിനും എന്റെ മാനത്തിനും ഇവിടെ ഒരു വിലയുമില്ലേ? ഇന്‍‌വെസ്റ്റിഗേഷന്‍ എന്നുപറഞ്ഞുനിരങ്ങുന്ന ഏതു തോന്ന്യാസിയ്ക്കും എത്തിനോക്കവുന്നതാണോ നമ്മുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍? അത് കാണിച്ചുകൊടുക്കയാണോ ഉയര്‍ന്ന ജോലിയിയിലിരിയ്ക്കുന്ന ഡോക്ടര്‍മാരുടെ സാമൂഹ്യസേവനം?

ആ ഡോക്ടരുടെ പ്രവൃത്തിയും R.C.C യിലെ രജിസ്റ്ററുകള്‍ എതോ സാധാരണ വ്യക്തികള്‍ക്ക് കാണിച്ച്കൊടുക്കയും അതിനെക്കുറിച്ച് ബ്ലോഗ് പോലെ ഒരു മാധ്യമത്തില്‍ പരാമര്‍ശിയ്ക്കുകയും ചെയ്തവര്‍ക്ക് നേരെയും അന്വേഷണം വേണം. വിവരാന്വേഷണ നിയമപ്രകാരം പോലും ഒരാളുടെ അസുഖവിവരങ്ങള്‍ അയാള്‍ക്കോ അയാളുടെ അടുത്ത ബന്ധുവിനോ മാത്രമേ വെളിപ്പെടുത്തുവാന്‍ പാടുള്ളൂ.

മാനുഷിക പരിഗണന എന്നത് മൌലികാവശമാണ്. അത് ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ഇവിടെ മാനുഷികപരിഗണനകള്‍ നിഷേധിയ്ക്കെപ്പെട്ടിട്ടുണ്ടോ എന്ന് നിയമ വിദഗ്ധര്‍ ചര്‍ച്ച ചെയ്യട്ടെ!

പ്രിയപ്പെട്ട കുന്നംകുളത്തുകാരാ, നിങ്ങള്‍ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് തിരുത്താനും ഭാവിയില്‍ വലിയ സ്ഥാനങ്ങളില്‍ എത്താനും സമയമുണ്ട്. ഈ കാപട്യങ്ങളെ കണ്ട് ഭയക്കാതെ ധീരമായി മുന്നോട്ട്.

ഒന്നിനെ മാത്രമെ നീ ഭയക്കേണ്ടതുള്ളൂ, നിന്റെ മനസ്സിനെ!

Jean-Claude Romand എന്ന ഒരു ഫ്രഞ്ച്കാരനുണ്ടായിരുന്നു പത്തു മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ്. The man who faked his life എന്ന പേരില്‍ ഈയിടെ അയാളുടെ കഥ ഒരു documentary ആയി കാണുകയുണ്ടായി. സമൂഹവും കുടുംബവും പ്രതീക്ഷിച്ചതിനനുസരിച്ച് എത്തിച്ചേരാനാവാതെ വന്നപ്പോള്‍ അതേ ജീവിതം അഭിനയിച്ച ഒരു മനുഷ്യന്‍. ഡോക്ടറല്ലാതിരുന്നിട്ടും w.h.o യില്‍ ഡോക്ടറാണെന്ന് സ്വന്തം ഭാര്യെയെയും കുടുംബത്തെയും വിശ്വസിപ്പിച്ച് എന്നും രാവിലെ ജോലിയ്ക്ക് പോയിരുന്ന ഒരു വ്യക്തി. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ കള്ളം കണ്ടുപിടിയ്ക്കപ്പെട്ടപ്പോള്‍ രണ്ട് കുട്ടികളേയും ഭാര്യയേയും മാതപിതാക്കളെയും കൊന്ന് ആത്മഹത്യയില്‍ അഭയം തേടിയ റോമാണ്ടിനെ ഞാന്‍ വെറുതെ ഓര്‍ത്ത് പോയി. നഷ്ടപ്പെട്ടത് ആര്‍ക്കാണ്? എനിയ്ക്കറിയില്ല.
ലാഭം ആര്‍ക്കാണ്? ചാനല്‍ മുതലാളിമാര്‍ക്ക്! പ്രൈം റ്റൈം സ്റ്റോറി കിട്ടിയല്ലോ അവര്‍ക്ക്.

ഇവിടെയും അത് തന്നെയല്ലേ അവസ്ഥ?