എന്റെ തോന്ന്യാസങ്ങള്‍...

2009, നവംബർ 12, വ്യാഴാഴ്‌ച

ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്?

മാത്രുഭൂമിയിലെ ഈ വാര്‍ത്ത, ചര്‍ച്ച ചെയ്ത് എങ്ങുമാകാത്ത ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതാണത്. രണ്ടും ഒരു പോലെ.

ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനത്തില്‍ ഇരുന്ന് കുട നിവര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റിവീണ് തലയിടിച്ചതാണ് മരണകാരണം. സ്വാഭാവികമായും ഹെല്‍മറ്റ് ധരിച്ചിരിയ്ക്കാന്‍ സാധ്യതയില്ല(എന്ന് ഞാന്‍ കരുതുന്നു).

വാഹനമോടിയ്ക്കുന്ന പല പുരുഷകേസരികളും ഹെല്‍മറ്റുപയോഗിയ്ക്കാറുണ്ടെങ്കിലും പുറകിലിരിയ്ക്കുന്ന സ്ത്രീകളും കുട്ടികളും ഹെല്‍മറ്റ് ഉപയോഗിച്ച് കാണാറില്ല. ഇതുപോലെ അപകടങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രമേ പലരും ഗൌരവമായി ഈ വിഷയത്തെ കാണാറുള്ളൂ.

വാഹനമോടിയ്ക്കുന്ന പുരുഷന്റെ അറിവില്ലായ്മയാണോ അതോ പുറകിലിരിയ്ക്കുന്ന കുട്ടികളോടും സ്ത്രീകളോടും ഉള്ള രണ്ടാംകിട മനോഭാവം കൊണ്ടാണോ ഇങ്ങിനെ സംഭവിയ്ക്കുന്നത്? ഒരു പക്ഷേ ശരിയായ അവബോധത്തിന്റെ കുറവുകൊണ്ടായിരിയ്ക്കുമോ?

അങ്ങിനെയെങ്കില്‍ അത് ഒരു സര്‍ക്കാരിന്റെ ബാധ്യതയല്ലേ? ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ കൂടി ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിയെടുത്ത് നിയമങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിയ്ക്കുകയെന്നത്? മദ്യപിച്ച് വാഹനമോടിയ്ക്കുന്നത് തടയാന്‍ ഇവിടെ നടത്തിയ stop drink driving campaign ന്റെ പരസ്യചിത്രങ്ങള്‍ youtube ല്‍ കാണാം. ഈ പരസ്യങ്ങള്‍ വന്ന ശേഷം പോലീസ് നടത്തിയ കര്‍ശനമായ റോഡ് പരിശോധനകളുടെയും ഫലമായി ലോകത്ത് മദ്യപാനത്തില്‍ രണ്ടാം സ്ഥാനക്കാരയിരുന്ന ഐറിഷുകാര്‍ ഇന്ന് നാലാം സ്ഥാനത്തായതില്‍ അത്ഭുതമില്ല. പരസ്യങ്ങളെയും നിയമത്തെയും എങ്ങിനെ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ കഴിയുമെന്നുള്ളതിന് ഒരു നല്ല ഉദാഹരണമാണിത്.

നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഹെല്‍മറ്റുപയൊഗത്തെക്കുറിച്ച് ഈ മാതിരിയുള്ള ഒരു നടപടിയും ദൃശ്യമാധ്യമങ്ങളില്‍ കൂടിയുള്ള ഒരു അവബോധശ്രമമോ ഉണ്ടായതായി അറിവില്ല.

ഇന്ന് ഒരുപക്ഷേ, വാര്‍ത്താചിത്രങ്ങളില്‍ക്കൂടി ഒരു ദാരുണമരണമായി ചാനലുകള്‍ ഇത് അഘോഷിയ്ക്കും, നാളെ മറ്റൊരു ഇരയെത്തേടി അവര്‍ യാത്രയാകും. അപകടമരണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയില്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ വെന്തെരിഞ്ഞ് അപ്പോഴും ചിലര്‍ മരിച്ച് ജീവിയ്ക്കുന്നുണ്ടാകും. ആര് സമാധാനം പറയും അവരുടെ സങ്കടങ്ങള്‍ക്ക്?

2 അഭിപ്രായങ്ങൾ:

  1. ഈ മരണങ്ങള്‍ നമ്മോട് പറയുന്നതെന്ത്? ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുമ്പോള്‍ സംഭവിയ്ക്കുന്ന അപകടമരണങ്ങളെക്കുറിച്ച്

    മറുപടിഇല്ലാതാക്കൂ
  2. മറ്റൊരാളുടെ രക്ഷക്കു വേണ്ടിയല്ലല്ലോ, സ്വന്തം രക്ഷക്കു വേണ്ടി തന്നെയല്ലേ, ഹെല്‍മറ്റ് ഉപയോഗിക്കാന്‍ പറയുന്നതു്. എന്നിട്ടുമെന്താ അതുപയോഗിക്കാന്‍ ഒരു വിമുഖത? എനിക്കതു മനസ്സിലായിട്ടില്ല ഇതുവരെ. പിന്നെ ഒരുപാട് കാണാറുള്ളതാണു്, സാരിയായാലും ചുരിദാറിന്റെ ഷോള്‍ ആയാലും, അതു് ഒതുക്കി കുത്താതെ ഇട്ടിരിക്കുന്നതു്. അതു ചക്രത്തില്‍ കുടുങ്ങി അപകടം ഉണ്ടായതായി കേട്ടിട്ടുമുണ്ട്.

    മറുപടിഇല്ലാതാക്കൂ