എന്റെ തോന്ന്യാസങ്ങള്‍...

2007, ജൂലൈ 15, ഞായറാഴ്‌ച

ഞാന്‍‌ ഒരു പത്രക്കാരനല്ല, പത്രധര്‍‌മ്മം എനിക്കറിയില്ലാ...

ഈ ചിത്രങ്ങള്‍ എന്റെ മനസ്സിലുണ്ട്, കുറെ നാളുകളായി. അവക്കെന്റെ ഉറക്കം കളയാനായിട്ടില്ലെങ്കിലും ഒരസ്വസ്ഥത എന്നിലുണ്ടാക്കാന്‍ അവയ്ക്കു കഴിഞ്ഞു എന്നത് അസത്യമാകില്ല. ഈ അസ്വസ്ഥത ഭയമോ, അനുബന്ധ വികാരങ്ങളോ ഉളവാക്കുന്നതല്ലാ, മറിച്ച്‍ അവയുടെ ശരി തെറ്റുകളെക്കുറിച്ചാണ് എന്റെ വിചാരങ്ങള്‍.

ചാനലുകളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പരിപാടികള്‍ എന്നിവയാണ് ഈ ചിന്തകള്‍ക്കാധാരം. വിവിധ ചാനലുകള്‍ ഈയിടെയായി അവരുടെ ‘സര്‍ഗ്ഗാത്ത്മകത’ വെളിവാക്കുന്നത് ഏറ്റവും പച്ചയായി വാര്‍ത്തകള്‍ ചിത്രീകരിച്ചുകൊണ്ടാണ്. ഞാന്‍ ഒരു പത്രക്കാരനല്ലാ, പത്രധര്‍മ്മം എനിക്കറിയില്ലാ, എന്നാലും വായനയുടെയും കാഴ്ചയുടെയും അതിര്‍വരമ്പുകള്‍ ഇതു സംബന്ധിച്ച് നമ്മള്‍ നിശ്ചയിരുന്നത് മാറുന്നുവോ എന്നെനിക്ക് സംശയം. ഇതിനെക്കുറിച്ച് ഞാന്‍ നടത്തിയ വായനയില്‍ ലോകര്‍ മുഴുവന്‍ ഇങ്ങിനെ പലവിധത്തിലുള്ള അടിച്ചേല്‍പ്പിക്കലുകളില്‍ അസ്വസ്ഥരാണെന്ന് എഴുതപ്പെട്ട് കണ്ടു.

1. മൃതദേഹങ്ങള്‍: അപമൃത്യുവിനിരയായവരെയാണ് ചാനലുകള്‍ക്കേറെയിഷ്ടം. അറ്റുപോയ കാലുകള്‍, ഒടിഞ്ഞു നുറുങ്ങിയ കൈകാലുകള്‍, കഴുത്തറ്റ ദേഹം, മീനും മറ്റു ജലജീവികളും തിന്ന് വികൃതമാക്കിയ മുഖം, വെള്ളം കുടിച്ച് വയറു വീര്‍ത്ത് പൊട്ടിയ നിര്‍ഭാഗ്യര്‍, വെന്തുരുകിയ മിഴികളുടെ സ്ഥാനത്ത് തെളിഞ്ഞു കാണുന്ന കപോലം മുതലായവ.

2. കൊലപാതകങ്ങള്‍: പലരും ഓര്‍ക്കുണ്ടാവും തിരുവനന്തപുരത്ത് മുക്കിക്കൊല്ലപ്പെട്ട ആ മനുഷ്യനെ...ഒരു ചാനല്‍ ഒരാഴ്ച അതിന്റെ സം‌പ്രേഷണം ആഘോഷിക്കുകയുണ്ടായി. ആനയുടെ ചവിട്ടും കുത്തുമേറ്റ് മൃതിയടയുന്ന പാപ്പാന്മാര്‍, അവരുടെ വലിച്ചുകീറപ്പെടുന്ന മൃതദേഹങ്ങള്‍.

3.സ്വകാര്യത: കുറ്റവാളികളെപ്പോലെ വേട്ടയാടപ്പെടുന്ന (ഇതിനേക്കാള്‍ യോജിച്ച ഒരു വാക്കില്ല) കുറ്റവാളികളുടെ ബന്ധുക്കള്‍, ചാനലുകളിലെ ‘കരണ്‍ ഥാപര്‍’ മാര്‍, എന്തെങ്കിലും കാരണത്താല്‍ വീട് വിടേണ്ടിവന്ന ചെറുബാല്യങ്ങളുമായി നടത്തുന്ന വികലമായ ഭാഷയിലുള്ള ‘കൂടിക്കഴ്ചകള്‍‘. അരപ്പട്ടിണി മാറ്റാന്‍ തുണിയുരിയേണ്ടി വന്നവളുടെ പി. ആര്‍. ഒ. ആയി നടക്കുന്ന ചാനല്‍ ക്യാമറാമാന്‍...
4. തമാശ: റോഡില്‍ക്കൂടി നടന്നുപോകുന്നവന്റെ പുറകെ പടക്കമേറിഞ്ഞ് അവന്റെ പുറകേ ഓടിച്ചെന്ന് ‘കേമറ കണ്ടോ’ എന്നു പറയുന്ന ‘ഹൃദയസ്തംഭനം’ വരെയുണ്ടാക്കാവുന്ന ‘തമാശകള്‍’.
വിഷയവിവരമുള്ളവര്‍ ഇതിനെക്കുറിച്ച് തര്‍ക്കം തുടങ്ങിയിട്ട് നാളുകുറെയായി. അവരിതിന്റെ നിയമവശങ്ങളെക്കുറിച്ചും ഇതിന്റെ സാധൂകരണത്തെക്കുറിച്ചുമാണ് കൂടുതല്‍ വ്യാകുലരാകുന്നത്. ഒരു സാധാരണക്കാരന്‍ മലയാളിയുടെ സായാഹ്നങ്ങളെ സമ്പന്നമാക്കാന്‍ ശ്രമിക്കുന്ന ചാനലുകാരന്റെ സദാചാരത്തിനെ എനിക്കെങ്ങിനെ വില പറയാന്‍ കഴിയും?
എന്റെ പരാജയവും അസ്വസ്ഥതയും അവിടെയാണാരംഭിക്കുന്നത്.
എന്താണ് നമുക്ക് സ്വീകാര്യമായത്, നമ്മുടെ വരും തലമുറകള്‍‍ കണ്ടുവളരേണ്ടത് കൊലപാതകങ്ങളും പീഡനങ്ങളുമാണോ? ഒരു സിനിമ കാണുമ്പോള്‍ അതിനെ വലിയവര്‍ക്കും, കുട്ടികള്‍ക്കും, എന്നെല്ലാം തരം തിരിക്കുന്ന പോലെ എന്തുകോണ്ട് ചാനലുകളില്‍ വരുന്നതിനെ സമയബന്ധിതമായി തരംതിരിച്ചുകൂടാ?

മരണം, കൊലപാതകം തുടങ്ങി മേല്‍പ്പറഞ്ഞവയെല്ലാം തന്നെ ഒരു തരത്തില്‍ വാര്‍ത്താപ്രാധാന്യം ഉള്ളവ തന്നെ. അതുമല്ലേങ്കില്‍ അവയ്ക്ക് ‘migrant mother' എന്ന ഫോട്ടൊയിലെ നായികയ്ക്ക് ഈ ചിത്രം പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള അനുഭവങ്ങള്‍ പോലെയുള്ളതായിരിക്കും ഇതിന്റെ പ്രാധാന്യം എന്നു ചൂണ്ടിക്കാണിക്കപ്പെടും. kevin Carterടെ pulitzer winning ചിത്രം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടിവരുന്നു. കഴുകന്‍ കൊത്താനിരിക്കുന്ന, മരണം കാത്തിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കുറെയേറെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ സാമൂഹ്യപ്രതിബദ്ധത ചോദ്യംചെയ്യപ്പെട്ട ഒരു സംഭവമായി ലോകമതിനെ കണക്കാക്കി. ഇതിനിടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് പല ലോകസുന്ദരിമാരും പത്രപ്രവര്‍ത്തകരെ കോടതി കയറ്റുകയുമുണ്ടായി. എന്നിരിക്കിലും ജേര്‍ണലിസവും, മഞ്ഞപ്പത്രവും തമ്മിലുള്ള അകലം ആധുനിക കാലഘട്ടത്തില്‍ കുറഞ്ഞുവെന്ന് സമ്മതിക്കാതെ വയ്യ. പ്രേക്ഷകന്‍ ആവശ്യപ്പെടുന്നത് കാഴ്ച വക്കുക എന്ന മിനിമം പരിപാടി നടത്തുകയാണോ നമ്മുടെ മാധ്യമങ്ങള്‍ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ചില കാഴ്ചകള്‍ മറക്കപ്പെടേണ്ടതല്ലേ എന്നൊരു സംശയം എന്നില്‍ അവശേഷിക്കുന്നു. ഉദാഹരണത്തിന് 9/11 നടന്നപ്പോള്‍ അമേരിക്കന്‍ ചാനലുകള്‍, മരിച്ചുവീണവരെയും വളരെയധികം മുറിവുപറ്റിയവരെയും പ്രക്ഷേപണത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നു ഞാന്‍ വായിക്കുന്നു. നേരെ മറിച്ച് ബോംബെ ട്രെയിന്‍ സ്ഫോടന്മുണ്ടായപ്പോള്‍ അതില്‍ മരിച്ചവരുടെയും ഭീകരമായി മുറിവു പറ്റിയവരെയും പ്രൈം ടൈമില്‍ തന്നെ കാണിക്കുകയായിരുന്നു. ഒരു പക്ഷേ പ്രക്ഷേപണനിയമങ്ങളിലുള്ള വ്യത്യാസമോ ജനതയുടെ സഹനശക്തിയുടെ ആവൃത്തിയെയോ മാനദണ്ഡമാക്കിയായിരിക്കണം ഈ വ്യത്യാസം; അല്ലെങ്കില്‍ ഞാന്‍ ഏറെ ഭയപ്പെടുന്ന, പ്രതികരണശേഷിയില്ലാത്ത ജനങ്ങളിലേക്ക് എന്തും അടിച്ചേല്‍പ്പിക്കാം എന്ന പത്ര / ചാനല്‍ മുതലാളിമാരുടെ താന്‍ പോരിത്തമോ?

എന്താണ് കാണിക്കാന്‍ പാടില്ലാത്തത്, എന്ത് കാണിക്കണം, സഭ്യമേത്, അസഭ്യമേത് എന്നെല്ലാം സദാചാരപ്പോലീസുകാര്‍ തല്ലുപിടിക്കട്ടെ, എന്റെ മേഖല, കാണിക്കാന്‍ നിശ്ചയിച്ച, കാണിച്ചിരിക്കേണ്ട ഒരു കഥ /ചിത്രം എങ്ങിനെ കാണിക്കുന്നുവെന്നാണ്. നേരത്തെ പറഞ്ഞ പോലെ വികൃതമാക്കപ്പെട്ട ഒരു മൃതദേഹം കാണിക്കണമെങ്കില്‍, അതിന്റെ വൈകൃതം ഫോകസില്‍ നിന്ന് മാറ്റുകയോ, മാസ്ക് ചെയ്യുകയോ ആവാം. കഴിഞ്ഞ ദിവസം ഒരു ചാനലില്‍, ന്യൂസില്‍‍ കാണിച്ച ഒരു മൃതദേഹത്തിന് മുഖമുണ്ടായിരുന്നില്ല, മത്സ്യദംശമേറ്റ് എല്ലാം വികൃതമായിരുന്നു. മരിച്ചു പോയ ആ യുവാവിന്റെ മൃതദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നു മാത്രമല്ല, ജീവിച്ചിരിക്കുന്ന അയാളുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും കുറെ നാള്‍ കൊല്ലാതെ കൊല്ലില്ലേ, ചാനല്‍ തമ്പുരാന്റെ ഈ പ്രക്ഷേപണ വിക്രിയകള്‍? ഡയാന രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, മരണത്തിന് തൊട്ട് മുന്‍പ് എടുത്ത ചിത്രങ്ങള്‍, പോലീസ് വിട്ട് കൊടുത്തത് ഈയിടെയാണ്. ബ്രിട്ടനിലെ ചാനല്‍ 4 അത് ഒരു ഡോക്യുമെന്ററിയായി കാണിച്ചിരുന്നു. ഈ കാണിക്കുന്നതിനെതിരെ ഡയാനയുടെ മക്കള്‍ രംഗത്ത് വന്നിരുന്നു. അല്‍പ്പജീവനുമായി, സ്വന്തം അമ്മ വികൃതമായ ശരീരവുമായി കിടക്കുന്നത് കാണാന്‍ വയ്യെന്ന ന്യായം, ബ്രിട്ടനില്‍ പ്രക്ഷേപണ രാജാക്കന്മാരുടെയിടയില്‍ വലിയൊരു തലവേദനയായിരുന്നു. എന്നിരിക്കിലും, ഡയാന, ഒരമ്മയെന്നതിലുപരി, ബ്രിട്ടിഷുകാരന്റെ ആത്മാഭിമാനവും, അവരുടെ സുന്ദരിയുമായ രാജകുമാരിയും, ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന കാരുണ്യപ്രവര്‍ത്തകയുമായിരുന്നു എന്ന കാരണത്താല്‍ അവരുടെ അന്ത്യനിമിഷങ്ങള്‍ ലോകം കാണട്ടെയെന്ന വാശിയില്‍ മാധ്യമഭീമന്‍ ജയിക്കുകയുണ്ടായി. സം‌പ്രേഷണം ചെയ്യപ്പെട്ട ഭാഗങ്ങളില്‍ അരുതാത്തതൌന്നുമുണ്ടെന്നു എനിക്ക് തോന്നിയില്ല.

ബ്രീട്ടീഷ് കിരീടവകാശിക്ക് ലഭിയ്ക്കാത്ത സൌജന്യം, പുലന്തറക്കേല്‍ കൊച്ചൌസേപ്പ് മകന്‍ ജോണിക്കുട്ടീ, നിനക്ക് വാങ്ങിച്ച് തരാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല...(ഇത് പറഞ്ഞാരും തല്ലുപിടിക്കേണ്ട, ബ്രിട്ടീഷ് കിരീടവകാശിക്ക് സാധാരണക്കാരനില്‍ നിന്ന് ഒരു വ്യത്യാസവുമില്ല, കുറച്ച് കഷ്ടമാണേങ്കിലേയുള്ളൂ).

ഇതു മരിച്ചവരുടെ കാര്യം. മരിക്കാതെ നിരന്തരം ചാനലുകളില്‍, ഇന്റര്‍വ്യൂ എന്ന പേരില്‍, അന്വേഷണം എന്ന പേരില്‍ കൊല ചെയ്യപ്പെടുന്നവരെയ്ക്കുറിച്ചോ? ആരാണ് ഇവര്‍ക്കീ അധികാരം ‍കൊടുത്തത്? നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറാനും നമ്മളെ ചോദ്യം ചെയ്യാനും? സ്വതവേ അന്തര്‍മുഖനായ മലയാളിയുടെ നിര്‍വികാരത്തെ ചൂഷണം ചെയ്യുകയല്ലേ ഈ ചാനല്‍കള്ളന്മാര്‍? ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ഗ്ലൂരില്‍ നടന്ന സംഭവങ്ങള്‍ ഇതിന് തെളിവാണ്. ഗ്ലാസ്ഗോ‍വില്‍ നടന്ന സ്ഫോടനത്തെക്കുറിച്ച് അറിയാന്‍ അതിലൊരാളുടെ വീട് അതിക്രമിക്കുകയാരിരുന്നു, മാധ്യമപ്പട. ശരിയാണ്, അയാള്‍ തീവ്രവാദിയാണ്, എന്നാലും ഒരുപക്ഷേ അയാളുടെ മാതാപിതാക്കള്‍ക്ക് ഒന്നുമറിയില്ലേങ്കിലോ? മകന്‍ നഷ്ടപ്പെട്ട വേദന തീരും മുമ്പേ ചാനല്‍ കോടതിയില്‍ അവര്‍ വിചാരണ ചെയ്യപ്പെടുകയുണ്ടാ‍യി. ഡേവിഡ് ബെകാമിന്റെയും, വിക്റ്റോറിയയുടെയും മക്കളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടൊഗ്രാഫര്‍ക്കെതിരെ, ചീറിയടുക്കുന്ന വിക്ടൊറിയയുടെ ചിത്രം ഈയിടെ കണ്ടിരുന്നു. പക്ഷേ അതില്‍ അവരുടെ അപേക്ഷ മാനിച്ച് കുട്ടികളുടെ മുഖം മാസ്ക് ചെയ്തിരുന്നു. ഇതാണ് ഞാന്‍ ധരിച്ച് വച്ചിരിക്കുന്ന മാന്യത.‍ എന്തുകൊണ്ട് ഇങ്ങനെയൊരു മാധ്യമ സംസ്കാരം ഇവിടെ വളര്‍ത്തിക്കൂടാ? ജീര്‍ണിച്ച പാപ്പരാസി സംസ്കാരം അവസാനിപ്പിച്ച്, മനുഷ്യന്റെ സ്വകാര്യതക്ക് അല്‍പ്പമെങ്കിലും വില കല്‍പ്പിക്കുന്ന, നിങ്ങളുടെ ഫോട്ടൊയെടുക്കുന്നതില്‍ വിരോധമുണ്ടൊയെന്ന് ചോദിക്കുന്ന മാന്യനായ ഒരു പത്രക്കാരനെ ഞാന്‍ എവിടെത്തേടും? എവിടെത്തേടാന്‍? മൊബൈല്‍ ഫോണ്‍ കേമറയുമായി ബസ്റ്റോപ്പില്‍ സ്തനഭംഗിയന്വേഷിക്കുന്ന(കണ്ണാടി, ഏഷ്യാനെറ്റ്) യുവത്വമുള്ളപ്പോള്‍ ഞാന്‍ നിന്നെയെവിടെത്തേടാന്‍...
ഒരു പക്ഷെ ഇതെല്ലാം എന്റെ മിഥ്യാബോധങ്ങളാണെങ്കില്‍???
പൊറ്റെക്കാടിന്റെ വരികളെ കടമെടുക്കട്ടെ, ‘അതിരാണിപ്പാടത്തെ പഴയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ച് കടന്നതിന് ക്ഷമിയ്ക്കൂ........പരദേശിയാണു ഞാന്‍’.
വാ‍ലറ്റം: അഫ്ഗാനിസ്താനില്‍ ബ്രിട്ടിഷ് പട്ടാളക്കാരന്‍ റേപ്പ് ചെയ്യുന്ന പതിനഞ്ചുകാരിയെയൊ, അല്‍ഖായിദക്കാര്‍ തലയറുക്കുന്ന അമേരിക്കക്കാര്‍ന്റെയോ, പ്രണയത്തിന്റെയും കാമത്തിന്റെയും അതിര്‍വരമ്പുകള്‍ കണ്ടുപോയ ഇറാനിപ്പെണ്‍കുട്ടിയെ കല്ലെറിഞ്ഞ് കൊല്ലുന്നതോ റ്റിവിയില്‍ കാണാതെ ഉച്ചക്ക് ഊണ് കഴിക്കില്ലെന്ന് ശാഠ്യം പിടിയ്ക്കുമോ ഭാവിയില്‍ പ്രിയ തനയന്‍???
‘ദേ...ഒരു കീറുവച്ചു തരും ഞാന്‍, കഴിക്കെടാ‍.......’