എന്റെ തോന്ന്യാസങ്ങള്‍...

2007, നവംബർ 18, ഞായറാഴ്‌ച

വസന്തത്തിലെ ഇടിമുഴക്കം

1972 ല്‍ ചാരു മജുംദാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല,പക്ഷേ എനിക്കെന്ന‍പോലെ ഇതു വായിക്കുന്ന മറ്റുപലര്‍ക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നന്നായറിയാം.കാലഹരണപ്പെട്ടുപോയതെന്ന് നാം തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും നിശ്ശബ്ദമായി വേരോടിക്കൊണ്ടിരിക്കുന്നത് എനിക്ക് കാണാം.

ഒരിക്കല്‍ പറ്റിയ അബദ്ധം(70 പതുകള്‍) കോണ്‍ഗ്രസ്സ് മറക്കാനിടയില്ല, അതുകൊണ്ടാണ് ഇന്നലെ നടന്ന സമ്മേളനത്തില്‍ യുവരാജാവ് രാഹുല്‍ഗാന്ധി ‘നിര്‍ധനര്‍ക്കും ജീവിതത്തില്‍ തുല്യാവകാശം’ എന്ന് വിളമ്പിയത്. ആ പ്രസ്ഥാവന, വളര്‍ന്നുകൊണ്ടിരിക്കുന്ന നന്ദിഗ്രാമിലെ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കണം. അടിയുറച്ച മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ പോലും ബുദ്ധദേവിന്റെ നടപടികള്‍ തള്ളിപ്പറയുമ്പോള്‍, പാരമ്പര്യ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലേയ്ക്ക് ‘വസന്തത്തിലെ ഇടിമുഴക്കം’(Spring Thunder over India-1967)കയറിവന്നതില്‍ അത്ഭുതമില്ല.
സാഹചര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എല്ലായ്പ്പോഴും അനുകൂലമാണ്, മതത്തിന്റെ കറുപ്പ് കഴിച്ച ഉന്മത്തത മാറുകയേ വേണ്ടൂ.ഇന്ത്യ ഒരു ലോകചന്തയായി മാറിക്കഴിഞ്ഞപ്പോള്‍ പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനും, പണക്കാരന്‍ കൂടുതല്‍ പണക്കാരനുമായി മാറി.ഇപ്പോള്‍ ഭാരതത്തിന്റെ അഭിമാനം കാക്കുന്നത്, ഇംഗ്ലണ്ടില്‍ താമസിക്കുന്ന മിത്തലും,ലോകത്തിലെ ഏറ്റവും പണക്കാരനെന്ന് പത്രങ്ങള്‍ വീമ്പിളക്കുന്ന മുകേഷുമാണ്.ജീവിയ്ക്കാന്‍ ഗതിയില്ലാതെ മക്കളെ മലയാളിയുടെ വീട്ടില്‍ വേലക്കുവിടുന്ന പാവം തമിഴനെയും നാലു മക്കളുമായി ജീവനൊടുക്കിയ കാസര്‍ഗോഡുകാരനെയും ‍തിരിച്ചുപിടിക്കല്‍ എന്നു പേരിട്ട് ബംഗാളില്‍ സി.പി.എം കേഡറുകള്‍ നടത്തിയ പൊളിറ്റിക്കല്‍ മര്‍ഡറുകളും കൂട്ടബലാത്സംഗങ്ങളും നാം കണ്ടില്ലെന്ന് നടിച്ചാല്‍ നമ്മള്‍ എത്തിച്ചേരുന്നത് ആ ഇടിമുഴക്കത്തിലേയ്ക്കായിരിക്കും. സാഹചര്യങ്ങള്‍ അന്നത്തെപോലെ തന്നെ ഇന്നും പ്രബലമാണ്, അതിനിടയ്ക്കാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും,തെലുങ്കാനയുടെ ഭൂരിഭാഗവും കര്‍ണ്ണാ‍ടകയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തികളിലും വന്‍ നക്സലൈറ്റ് സ്വാധീനം ഉണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പ് കണ്ടുപിടിച്ചത്.സംശയമില്ല, പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തെറ്റാതെയുള്ള ഒരു വിപ്ലവം ദൂരെയല്ല.
ആരായിരിക്കും ഈ പ്രശ്നങ്ങള്‍ക്കിടയില്‍ മീന്‍ പിടിക്കുക? സംശയമേതുമില്ല, കോണ്‍ഗ്രസ്സുതന്നെ.പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് ഒരിക്കല്‍ അഭിമാനിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഗുജറാത്തിലെ വര്‍ഗ്ഗീയപാര്‍ട്ടികളെപ്പോലും നാണിപ്പിക്കും വിധത്തിലാണ് കൊലപാതകങ്ങളും കൂട്ടബലാത്സങ്ങളും നടത്തുന്നത്.പാവപ്പെട്ടവനെ സംരക്ഷിക്കേണ്ട ചുമതലയുള്ള ഗവര്‍മ്മേന്റ്, അപ്പര്‍ക്ലാസിനെയും, മിഡില്‍ക്ലാസിനെയും മാത്രമേ കാണുന്നുള്ളൂ...(അങ്ങിനെയൊരു വിവേചനം ഞാന്‍ ഉപയോഗിയ്ക്കാന്‍ പാടില്ലായിരുന്നു).വര്‍ണ്ണ വര്‍ഗ്ഗ ചിന്തകളുമായി മുന്നോട്ട്, സമ്പന്നതയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഈ ഇന്ത്യന്‍ സമൂഹത്തിന് കൂടിവരുന്ന ആത്മഹത്യകളും വിദേശചാനലൂകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ദരിദ്രക്കുട്ടികളും ഇപ്പോള്‍ നാണക്കേടാണ്. അതുകൊണ്ടാണ് ഈ കൂട്ടക്കൊലപാതകങ്ങള്‍ എന്നെ ജര്‍മനിയിലെ ഗ്യാസ്ചേംബറുകളെ ഓര്‍മിപ്പിയ്ക്കുന്നത്..
അങ്ങിനെയങ്ങിനെ ചൂഷണം ചെയ്യപ്പെട്ട്, മാനം നഷ്ടപ്പെട്ട് അവര്‍ മലയാളിയുടെ അലസസായഹ്നങ്ങാളില്‍, സുഖലോലുപതയുടെ രമ്യഹര്‍മ്മങ്ങളില്‍ ഒരിക്കല്‍ കടന്നുകയറും,പിന്നെ നമ്മുടെ തലയ്ക്കവര്‍ വില പറയും. അതുവരെ ഈ കാര്‍മേഘങ്ങള്‍ നമുക്ക് കണ്ടില്ലെന്ന്നു നടിയ്ക്കാം. പിന്നെ വസന്തത്തിലെ ഇടിമുഴക്കത്തിനായ് കാതോര്‍ക്കാം...