എന്റെ തോന്ന്യാസങ്ങള്‍...

2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

സിയാബ്: നീ ചെയ്യേണ്ടത്

സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല.

നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്.

നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു?

തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍.

അവര്‍ പറയുന്നു, നീ കള്ളനാണെന്ന്.

ഒരാളുടെ കയ്യില്‍ നിന്ന് കാശുവാങ്ങിയെന്നും നിനക്ക് അസുഖമാണെന്നും നീ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.

വേറെയാരും നിനക്കെതിരെ ആരോപണങ്ങളുമായി വരാത്ത സ്ഥിതിയ്ക്ക് നിന്റെ ഉത്തരങ്ങള്‍ പബ്ലിക് ആവേണ്ട ആവശ്യമില്ല.

നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട.

മറ്റുള്ളവര്‍ക്ക് നീ കള്ളനാണെന്ന് സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്, അവരതിന്റെ വഴി നോക്കട്ടെ! മറ്റാരും നീ കബളിപ്പിച്ചുഎന്ന് പറഞ്ഞ് മുന്നോട്ട് വരാത്ത കാലത്തോളം നിന്റെ ഉത്തരങ്ങള്‍ നിനക്ക് മൌനമായി വെയ്ക്കാം.

സാമ്പത്തികമായി നീ വേറെ ആരൊടും കടപ്പെട്ടിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് ഈ അഭിപ്രായം.

നിന്റെ പഠനത്തെക്കുറിച്ചും നിന്റെ ജോലിയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് വിശദീകരിയ്ക്കേണ്ട ഒരു കാര്യവുമില്ല.
ഇത് ഒരു ജോബ് ഇന്റര്‍വ്യൂ അല്ല, അവരാരും നിനക്ക് ജോലി തരാനും പോവുന്നുമില്ല, അവരുടെ അടുത്ത് നീ പഠിയ്ക്കാന്‍ പോവുന്നുമില്ല. അതുകൊണ്ട് നിന്റെ ജോലിയെക്കുറിച്ചോ, നിന്റെ യോഗ്യതയെക്കുറിച്ചോ ആരുടെയും അടുത്ത് പരാമര്‍ശിയ്ക്കേണ്ട ആവശ്യമില്ല.

നിന്നെ ഒരു മനുഷ്യനായികാണാന്‍ അവര്‍ ആദ്യം പഠിയ്ക്കട്ടേ, എന്നിട്ടുമതി നിന്റെ യോഗ്യതകള്‍ അളക്കാന്‍.

നിന്റെ അസുഖങ്ങള്‍ നീ വെളിപ്പെടുത്തിക്കഴിഞ്ഞു, ഇവിടെ ആര്‍ക്കും അതറിയേണ്ട ആവശ്യമില്ല. ഇനിയെങ്കിലും ഈ വിഷയത്തില്‍ നീ മൌനം പാലിയ്ക്കുക. നീ കാശു വാങ്ങിയെന്ന് ആരോപിച്ച വ്യക്തിയെ മാത്രം വിളിച്ച് സംസാരിയ്ക്കുക.

നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ലോകം എത്ര വികൃതമാണെന്ന് നീ മനസ്സിലാക്കുമല്ലോ? നിന്നെക്കുറിച്ച് വന്ന പത്രവാര്‍ത്തകളിലും ചാനല്‍ റിവ്യൂകളും കണ്ട് നിന്റെ പ്രശസ്തിയുടെ രസം നുകരാന്‍ അടുത്തുകൂടിയ ചെന്നായക്കൂട്ടങ്ങളെയാണ് നീ ഇപ്പോള്‍ തിരിച്ചറിഞ്ഞത്.


ഞാന്‍ മുകളില്‍പ്പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു...നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക.